20 ശതമാനം ഇളവ്, 'റൗണ്ട് ട്രിപ്പ് ' പാക്കേജുമായി റെയില്‍വേ
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജ്' അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. 'റൗണ്ട് ട്രിപ്പ് പാക്കേജ്' എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേയുടെ ബുക്കിങ് വെബ്സൈറ്റിലെ 'കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍' വഴി 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ 1 നും ഇടയില്‍ മടക്ക യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റില്‍ ഇളവ് ലഭിക്കുക. മാത്രമല്ല ആദ്യ യാത്ര 2025 ഒക്ടോബര്‍ 13 നും - 2025 ഒക്ടോബര്‍ 26 നും ഇടയിലുള്ള യാത്രാ കാലയളവിലും ആയിരിക്കണം. യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും.